കോഴിക്കോട്: 1954ലെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ മുസ്ലിം ദമ്പതികളുടെ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷാ ഫോറത്തില്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല്, 15 പ്രകാരമുള്ള വിവാഹങ്ങളെ സൂചിപ്പിക്കാന്‍ പ്രത്യേക കോളം ഉള്‍പ്പെടുത്തുന്നു.
ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റീസ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഡോ. ഖദീജ മുംതാസ് അടക്കമുള്ളവര്‍ നല്കിയ നിവേദനത്തെത്തുടര്‍ന്ന് തുടര്‍നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ മുസ്ലിംകളുടെയും സെക്ഷന്‍ 15 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത മുസ്ലിം ദമ്പതികളുടെയും പിന്തുടര്ച്ചാവകാശം 1925ലെ ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അത് റവന്യു ഗൈഡില്‍ ഉള്‍പ്പെടുത്തണമെന്നും ഡോ. ഖദീജ മുംതാസ് ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തില്‍ അനുകൂല റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. മുസ്ലിം മതാചാരപ്രകാരം വിവാഹിതരാവുകയും പിന്നീട് സ്പെഷല്‍ മാര്യേജ് ആക്ട് വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നവരുടെ പിന്തുടര്ച്ചാവകാശം ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമപ്രകാരമായിരിക്കുമെന്ന് സ്പെഷല്‍ മാര്യേജ് ആക്ടിലെ വകുപ്പ് 21ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എങ്കിലും ഇക്കാര്യം കോടതി മുഖേനെ സ്ഥാപിച്ചുകിട്ടുന്നതിനായി അഭിഭാഷകനും സിനിമാനടനുമായ കണ്ണൂര്‍ സ്വദേശി ഷുക്കൂര്‍ നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തുമെന്ന വ്യവസ്ഥയോടെയാണ് അപേക്ഷാഫോറത്തില്‍ പ്രത്യേക കോളം രേഖപ്പെടുത്തുക.